04:24am 17 September 2026
NEWS
നവജാത ശിശുക്കളുടെ കൊലപാതകം: അസ്ഥികൾ സൂക്ഷിച്ചത് നാലുവർഷം
25/07/2025  10:05 PM IST
പ്രദീപ് ഉഷസ്സ്
നവജാത ശിശുക്കളുടെ കൊലപാതകം: അസ്ഥികൾ സൂക്ഷിച്ചത് നാലുവർഷം

മൂന്ന് വർഷത്തിനിടയിൽ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ അമ്മയും, സുഹൃത്തും അറസ്റ്റിൽ. തൃശൂർ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലപ്പറമ്പിൽ അനീഷ(23) ആമ്പല്ലൂർ ചേനക്കാലയിൽ ബവിൻ(25) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങളുടെ അസ്ഥിയുമായി, അർദ്ധരാത്രിയിൽ പോലീസ്‌സ്റ്റേഷനിൽ എത്തിയ ബവിൻ കുറ്റമേറ്റ് പറഞ്ഞതോടെയാണ് ഏവരേയും ഞെട്ടിച്ച സംഭവവികാസങ്ങൾ പുറത്തെത്തിയത്.

മദ്യലഹരിയിൽ, പരസ്പരവിരുദ്ധമായാണ് ബവിൻ സംസാരിച്ചിരുന്നതെങ്കിലും, കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന്, പിഞ്ചുകുഞ്ഞുങ്ങളുടെ തലയോട്ടിയും കൈകാലുകളുടെ അസ്ഥിഭാഗങ്ങളും കണ്ടെത്തിയതോടെ പോലീസധികൃതരും ഞെട്ടി. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പുതുക്കാട് പോലീസ് അധികൃതർ, സി.ഐ മഹേന്ദ്രസിംഹനേയും, ഡി.വൈ.എസ്.പി ബിജുകുമാറിനെയും വിവരങ്ങൾ അറിയിച്ചു. റൂറൽ എസ്.പി കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം അപ്പോൾ തന്നെ പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഫോറൻസിക്ക് പരിശോധനയിൽ അസ്ഥികൾ രണ്ട് കുഞ്ഞുങ്ങളുടെ തന്നെയെന്ന് ബോധ്യമായ പോലീസ്‌സംഘം അനീഷയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലിലാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ആ അമ്മ സമ്മതിച്ചത്.

പ്രസവത്തിന് യൂ ട്യൂബ് പഠനം

ഫേസ്ബുക്ക് വഴിയാണ് അനീഷയും ബവിനും അടുപ്പത്തിലായത്. അന്ന് അനീഷയ്ക്ക് 18 ഉം 20 ഉം ആയിരുന്നു പ്രായം. 2021 ൽ അനീഷ ഗർഭിണിയുമായി. ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചിട്ടുള്ള അനീഷ യൂ ട്യൂബ് നോക്കി വിവരങ്ങൾ മനസ്സിലാക്കിയാണ് ആരെയും അറിയിക്കാതെ പ്രസവിച്ചതെന്നാണ് മൊഴി നൽകിയിട്ടുള്ളത്. നൂലുവള്ളിയിലെ വീട്ടിൽ, 2021 നവംബർ ആറിനായിരുന്നു ആദ്യപ്രസവം. പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി ജീവനറ്റ നിലയിലായിരുന്നു കുഞ്ഞ് എന്നും, മൃതശരീരം വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിടുകയായിരുന്നുവെന്നാണ് അനീഷ പറയുന്നത്. എന്നാൽ അന്വേഷണസംഘം പൂർണ്ണമായും ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഈവിധത്തിൽ പരസഹായമില്ലാതെ മറവുചെയ്തു എന്ന അനീഷയുടെ വാദം വിശ്വസനീയമല്ലെന്നും മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്ന് തുടർ അന്വേഷണങ്ങളിലൂടെ മാത്രമേ പുറത്തെത്തുകയുള്ളൂ.

ആദ്യപ്രസവത്തിനുശേഷം, അനീഷയും ബവിനും തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു. എട്ടുമാസങ്ങൾക്കുശേഷം കുഞ്ഞിനെ കുഴിച്ചുമൂടിയ ഭാഗത്തുനിന്നും അസ്ഥി പുറത്തെടുത്ത് നൽകാൻ ബവിൻ ആവശ്യപ്പെട്ടു. ആ അസ്ഥികൾ ഉപയോഗിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്തില്ലെങ്കിൽ മാതാവിനും, പിതാവിനും ദോഷങ്ങൾ സംഭവിക്കും എന്ന് വിശ്വസിപ്പിച്ചാണ് അസ്ഥി അവശിഷ്ടങ്ങൾ പുറത്തെടുപ്പിച്ചത്. പുറത്തെടുത്ത അസ്ഥിക്കഷണങ്ങൾ ബാഗിലാക്കി അനീഷ ബവിന് എത്തിച്ചുകൊടുക്കുകയും ചെയ്തു. ഈ അസ്ഥികൾ കടലിൽ നിമജ്ജനം ചെയ്യാമെന്നാണ് ബവിൻ അറിയിച്ചത്. എന്നാലത് ചെയ്യാതെ തെളിവായി ബവിൻ സൂക്ഷിക്കുകയായിരുന്നു. എപ്പോഴെങ്കിലും പിരിയേണ്ടുന്ന സാഹചര്യമുണ്ടായാൽ, ഈ വിധം തെളിവുകൾ ഉപയോഗിച്ച് അനീഷയെ ഭീഷണിപ്പെടുത്താമെന്ന് ബവിൻ കരുതിയിരുന്നതായാണ് അന്വേഷണസംഘം കരുതുന്നത്.

2024 ഏപ്രിൽ 29 ന് വീട്ടിൽ വെച്ച് തന്നെയായിരുന്നു രണ്ടാമത്തെ പ്രസവവും. ആ കുട്ടിയും മരിച്ചതായി അനീഷ, ബവിനെ അറിയിച്ചു. കുഞ്ഞിനെ കുഴിച്ച് മൂടുന്നതിന് പകരം ബാഗിലാക്കി തനിക്ക് എത്തിച്ചുതരാനായിരുന്നു ബവിൻ ആവശ്യപ്പെട്ടത്. സ്‌കൂട്ടർ ഓടിക്കാൻ കഴിയുന്ന വിധത്തിലേക്ക് ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ, മരിച്ച ആൺകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി അനീഷ ബവിന്റെ വീട്ടിലെത്തുകയും കൈമാറുകയും ചെയ്തു. ബവിന്റെ വീടിന് പിന്നിലെ തോട്ടിനരികിലായി കുഴിയെടുത്ത് ആ മൃതദേഹം അടക്കുകയും ചെയ്തു. മാസങ്ങൾക്കുശേഷം അവിടെ നിന്നും അസ്ഥിഭാഗങ്ങൾ എടുത്ത് ബവിൻ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.

വീട്ടിലെ ശുചിമുറിയിലാണ് താൻ പ്രസവിച്ചതെന്നും, യൂ ട്യൂബ് വഴിയാണ് പ്രസവരീതികൾ പഠിച്ചതെന്നുമാണ് അനീഷ നൽകിയിട്ടുള്ള മൊഴി. പ്രസവിച്ച ഉടൻ കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞപ്പോൾ ആരും കേൾക്കാതെയിരിക്കാൻ മുഖം പൊത്തിപ്പിടിച്ചുവെന്നും ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും അനീഷ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ അനീഷ നൽകിയ മൊഴിയെ പൂർണ്ണവിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

രണ്ട് മുറികൾ മാത്രമുള്ള ചെറിയ വീട്ടിൽ, രണ്ടുതവണ യുവതി പ്രസവിച്ചിട്ടും ആരും അറിഞ്ഞിട്ടില്ല എന്ന വാദത്തിൽ അസ്വാഭാവികതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സംഘം. തനിക്ക് പി.സി.ഒ.ഡിയും, ഹോർമോൺ വ്യതിയാനവും ഉണ്ടായതിനാലാണ് ശരീരം തടിക്കുന്നതെന്നാണ് അമ്മയോട് അനീഷ പറഞ്ഞിരുന്നത്. വയറിന് മുകളിൽ തുണി ചുറ്റി അമർത്തിക്കെട്ടിയാണ് അനീഷ പുറത്തിറങ്ങിയിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അമ്മയെ ഈവിധത്തിൽ കബളിപ്പിച്ചതായാണ് അനീഷ അന്വേഷണസംഘത്തെ അറിയിച്ചിരുന്നത്.

തെളിവായി അസ്ഥി സൂക്ഷിച്ച ബാഗ്

തങ്ങൾക്ക് പിറന്ന മക്കളെ കൊലപ്പെടുത്തിയ സംഭവം നാലുവർഷമാണ് ഇരുവരും രഹസ്യമായി സൂക്ഷിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി ബവിനും, അനീഷയും സ്വരചേർച്ചയിലായിരുന്നില്ല. ഇരുവർക്കുമിടയിലെ ഈ തർക്കമാണ് നവജാതശിശുക്കളുടെ കൊലപാതക വിവരങ്ങൾ പുറത്തെത്താൻ കാരണമായി മാറിയത്. കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ബവിൻ ചില സുഹൃത്തുക്കളെ അറിയിച്ചുവെന്ന സംശയം അനീഷയ്ക്ക് ഉണ്ടായിരുന്നു. അതേസമയം, അനീഷയ്ക്ക് മറ്റൊരു ബന്ധം കൂടി ഉണ്ടെന്നും, താനറിയാതെ അനീഷ മറ്റൊരു ഫോൺകൂടി ഉപയോഗിക്കുന്നുണ്ട് എന്ന സംശയം ബവിനുണ്ടായി. ഇതിനെ തുടർന്ന് ഇരുവരും രൂക്ഷമായ വാക്കേറ്റവും നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ ബവിൻ, അനീഷയെ ഫോണിൽ വിളിച്ചുവെങ്കിലും, ഫോൺ എൻഗേജ്ഡ് ആയതാണ് ബവിനെ പ്രകോപിച്ചത്. ദീർഘനേരം ഫോൺ തിരക്കിലായതിനാൽ മറ്റാരോ ആയി സംസാരിക്കുകയാണെന്നും, തന്നെ ഒഴിവാക്കുകയാണെന്നുമുള്ള തോന്നൽ ഇയാൾക്കുണ്ടായി. തുടർന്നാണ് അമിതമായി മദ്യപിച്ചശേഷം, അസ്ഥി സൂക്ഷിച്ച ബാഗുമായി ബവിൻ പോലീസ് സ്റ്റേഷനിൽ എത്തിയതും അനീഷയെ കുടുക്കുന്നതിനായി വിവരങ്ങൾ കൈമാറിയതും.

ഡി.എൻ.എ പരിശോധന നിർണ്ണായകമാകും

അനീഷ ആദ്യമായി ഗർഭിണിയായപ്പോൾ തന്നെ, അവളുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകൾ അയൽവാസികൾക്ക് തോന്നിയിരുന്നു. എന്നാലത് കേസും തർക്കവുമൊക്കെയായി മാറുമെന്നായപ്പോൾ അവരതിൽ നിന്നും പിൻമാറുകയായിരുന്നു. അയൽവാസിയായ ഗിരിജാസുരേന്ദ്രൻ ഈ സംശയം അനീഷയുടെ വീട്ടുകാരോട് നേരിട്ട് ഉന്നയിച്ചിരുന്നു. എന്നാൽ അനീഷയുടെ അമ്മയും സഹോദരനുമെല്ലാം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഗിരിജ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന്, തനിക്കെതിരെ ഗിരിജ അപവാദ പ്രചരണം നടത്തുകയാണെന്ന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ അനീഷ പരാതി നൽകിയിരുന്നു. പോലീസിന്റെ മധ്യസ്ഥതയിൽ അന്ന് പരാതി ഒത്തുതീർപ്പാക്കി. ഈ സംഭവത്തിനുശേഷം അനീഷയുടെ വീടുമായി പരിസരവാസികൾ ആരും ബന്ധം പുലർത്തിയിരുന്നതുമില്ല. അന്വേഷണസംഘം ഇപ്പോൾ ഗിരിജയെ ചോദ്യം ചെയ്തിട്ടുണ്ട്. സംഭവം നടന്നുവെന്നു പറയുന്ന ദിവസം അനീഷ ബക്കറ്റുമായി എത്തി എന്തോ കുഴിച്ചിടുന്നത് കണ്ടു എന്നാണ് ഗിരിജ മൊഴി നൽകിയിട്ടുമുണ്ട്. കേസന്വേഷണത്തിൽ ഈ മൊഴി ഏറെ നിർണ്ണായകമാകും.

ബവിൻ സ്റ്റേഷനിലെത്തി കുറ്റമേറ്റ് പറയുകയും, കുഞ്ഞുങ്ങളുടെ അസ്ഥി അവശിഷ്ടങ്ങൾ തെളിവായി നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും, ശാസ്ത്രീയ തെളിവുകൾ ഇനിയും ആവശ്യമാണ്. സംഭവം നടന്ന സ്ഥലങ്ങളിൽ അന്വേഷണ സംഘമെത്തുകയും കൂടുതൽ തെളിവുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അസ്ഥിഭാഗങ്ങൾ കുഞ്ഞുങ്ങളുടെ തന്നെയാണെന്ന് തെളിയിക്കാൻ ഡി.എൻ.എ പരിശോധനയും അനിവാര്യമാണ്. 
ഇരുവർക്കുമെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും, ശാസ്ത്രീയതെളിവുകൾ അനിവാര്യമാണ്. ആ വിധത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് അന്വേഷണ സംഘം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img